AP Aslam Holy Qur'an Award 2025 – Online application starts July 15

AP Muhammed Aslam

( 1968-2005 )

മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി എന്ന പ്രദേശത്ത് ആനപ്പടിക്കൽ മൊയ്തീൻകുട്ടി മാസ്റ്റർ എന്ന പീച്ചി മാസ്റ്ററുടെയും പി സി ഫാത്തിമക്കുട്ടിയുടെയും ഇളയ മകനായി 1968 ൽ ജനനം. ദാരിദ്രവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു അസ്ലമിന്റെ സ്കൂൾ പഠന കാലഘട്ടം. ദീർഘദർശിയും ദിഷണാ ശാലിയുമായ തൻറെ പിതാവിൻറെ ശിക്ഷണത്തിൽ ധാർമിക ബോധമുള്ള കുട്ടിയായി തന്നെ അസ്‌ലം മറ്റു സഹോദരന്മാരോടൊപ്പം വളർന്നു. ഒരു ഗ്രാമീണ വിദ്യാർത്ഥിയിൽ നിന്നും വ്യത്യസ്തമായി ഉയർന്ന ചിന്തയും വിശാലമായ കാഴ്ചപ്പാടും ഒരു ഗവേഷകനെ പോലെയുള്ള അന്വേഷണ ത്വരയും അസ്ലമിനെ ചെറുപ്പത്തിലെ പിടികൂടിയിരുന്നുവെന്ന് അധ്യാപകർ പറയുന്നു. കള്ളിമുൾ നിറഞ്ഞ തൻറെ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം പതിനാറാമത്തെ വയസ്സിൽ അസ്ലം തൻറെ ജീവിതത്തിലെ പുതിയ തുരുത്തു തേടി ദുബൈലേക്ക് കയറി.

ദുബൈ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ കൊട്ടാരത്തിൽ സാധാരണ ഓഫീസ് ജീവനക്കാരനായിട്ടാണ് അസ്‌ലം തൻറെ പ്രവാസജീവിതം ആരംഭിക്കുന്നത്. കുട്ടിക്കാലത്ത് തന്റെ പിതാവ് പകർന്നു തന്ന നല്ല പാഠങ്ങൾ അസ്ലം തൊഴിലിടങ്ങളിൽ കാത്തുസൂക്ഷിച്ചു. ചതിയോ വഞ്ചനയോ കൂടാതെ തന്റെ അന്ന ദാദാവിനെ സേവിക്കുന്നതിൽ അസ്‌ലം 100% കൂറു പുലർത്തി. ഉത്തരവാദിത്വ നിർവഹണത്തിലെ കൃത്യതയും സ്വഭാവ വൈശിഷ്ട്യവും ആ ചെറുപ്പക്കാരനിൽ ഭരണാധികാരിക്കുള്ള വിശ്വാസം വർധിക്കാൻ കാരണമായി. പിന്നീടങ്ങോട്ട് അസ്ലം താണ്ടിയ പടവുകൾ മറ്റൊരു മലയാളിക്കും ഇന്നുവരെ എത്തിപ്പിടിക്കാൻ പറ്റാത്തതായിരുന്നു. ഒടുവിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിൻറെ പ്രൈവറ്റ് ഓഫീസ് അഡ്മിനിസ്ട്രേറ്റർ എന്ന തസ്തികയിലേക്ക് വരെ അസ്ലമിനെ എത്തിച്ചു. വളരെ ചുരുങ്ങിയ കാലയളവിൽ ശൈഖ് മുഹമ്മദിൻറെ വിശ്വസ്തനായി മാറിയ അസ്‌ലം തൻറെ യജമാനന് വേണ്ടിയും അന്നം നൽകിയ ആ രാജ്യത്തിനു വേണ്ടിയും രാപ്പകലില്ലാതെ അധ്വാനിച്ചു.

നേട്ടത്തിന്റെ പടവുകൾ ഓരോന്നും താണ്ടുമ്പോഴും അസ്ലം സാധാരണക്കാരായ തൻറെ നാട്ടുകാരെ ചേർത്തുപിടിച്ചു. ഒട്ടനവധി പേരെ തൻറെ സ്വാധീനം വെച്ച് വിദേശത്ത് പല തസ്തികകളിൽ ജോലി നൽകി സഹായിച്ചു. അങ്ങനെ അസ്ലമിന്റെ വളർച്ച ഒരു നാടിൻറെ തന്നെ വളർച്ചയായി മാറി.

അതോടൊപ്പം നിർദ്ധനരുടെയും അശരണരുടെയും കണ്ണീരൊപ്പുന്നതിന് വേണ്ടിയും അസ്ലം പരമാവധി പരിശ്രമിച്ചു. അതിനു വേണ്ടി പല പദ്ധതികളും ആവിഷ്കരിച്ചു. അതിൽ പ്രധാനപ്പെട്ടതായിരുന്നു 'തണൽ' എന്ന പദ്ധതി. അസ്ലമിന്റെ പിതാവ് പീച്ചി മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിൻറെ മക്കൾ പൊതുജന സേവനത്തിന് ആരംഭിച്ച ഒരു വേദിയായിരുന്നു ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിനു കീഴിൽ വിവിധങ്ങളായ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടി തണൽ എന്ന സംഘടന രൂപീകരിച്ചു. പലിശ രഹിത വായ്പ പദ്ധതി അതിൽ പ്രധാനപ്പെട്ടതായിരുന്നു. സമൂഹത്തിൽ അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും പ്രത്യേകം പദ്ധതികൾ നടന്നു വരുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു പ്രൈമറി തലം മുതൽ ഉന്നത തലം വരെയുള്ള മത ഭൗതിക വിദ്യാഭ്യാസം നൽകുന്ന ഒരു സ്ഥാപനം ദാറുൽ അൻസാർ എന്ന പേരിൽ അസ്ലമിന്റെ പരിശ്രമ ഫലമായി 1995 ൽ നിലവിൽ വന്നു. വളവന്നൂർ അൻസാർ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന ദാറുൽ അൻസാറിൽ നിന്നും പുറത്തിറങ്ങിയ സന്തതികൾ മത പ്രബോധന രംഗത്തും മറ്റു ഭൗതിക മേഖലകളിലും ഇന്നും സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നു.

ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച അസ്‌ലം ഖുർആൻ പ്രചാരണ പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നു. ഖുർആൻ പഠന ഗവേഷണങ്ങൾക്കായി ദുബൈ അൽ ഖൂസിലെ അൽ മനാർ ഇസ്ലാമിക് സെൻറർ സ്ഥാപിച്ചത് അത്തരത്തിൽ ഒരു പദ്ധതിയാണ്. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെയും പത്നി ശൈഖ ഹിന്ദിന്റെയും സഹകരണത്തോടെ ഒരേക്കറോളം വരുന്ന സ്വന്തമായ ഭൂമിയിൽ തുടങ്ങിയ സെൻറർ പ്രബോധന പ്രവർത്തനങ്ങൾ കൊണ്ട് ഇന്നും സജീവമായി പ്രവർത്തിക്കുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് ക്യാൻസർ രോഗികളുടെ ക്ഷേമത്തിനായി സ്ഥാപിതമായ സി എച്ച് സെൻററും കേരളത്തിൻറെ വികസനരംഗത്ത് ഒരു നാഴികക്കല്ലായി മാറിയ സ്മാർട്ട് സിറ്റി പദ്ധതിയും അസ്ലമിന്റെ ചിന്തയിൽ വിരിഞ്ഞ ആശയങ്ങളാണ്.

ഒരു പുരുഷായുസ്സിന് ചെയ്യാൻ കഴിയാത്ത അത്രയും കാര്യങ്ങൾ തന്റെ ചുരുങ്ങിയ ജീവിതകാലയളവിൽ നിർവഹിച്ച അസ്ലം 37-ാമത്തെ വയസ്സിൽ അല്ലാഹുവിൻറെ ആലംഗനീയമായ വിളിക്കുത്തരം നൽകി ഈ ലോകത്തോട് വിട പറഞ്ഞു. 2005 മാർച്ച് മാസം മൂന്നാം തിയ്യതി ദുബൈയിൽ മരണപ്പെട്ട അദ്ദേഹത്തിന്റെ ജനാസ ജന്മദേശമായ കൽപകഞ്ചേരിയിൽ എത്തിച്ച് മഹല്ല് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. അസ്‌ലം തുടങ്ങിവച്ച പദ്ധതികളെല്ലാം അദ്ദേഹത്തിൻറെ സഹോദരങ്ങളും കുടുംബവും ഭംഗിയായി നിർവഹിച്ചു വരുന്നു. നാഥൻ അസ്ലമിൻറെ പ്രവർത്തനങ്ങളെല്ലാം സ്വീകരിക്കുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ.