അസ്ലം ഖുർആൻ അവാർഡ്:മലയാളം ലോകത്തിന് മുന്നിൽ നടക്കുന്നു !
എ പി അസ്ലം ഹോളി ഖുർആൻ അവാർഡിനെ കുറിച്ഛ് ബഹുഃ എം എം അക്ബർ സാഹിബ് ചന്ദ്രികയിൽ എഴുതിയ ലേഖനം
എം.എം. അക്ബർ
1/13/20251 min read


ചെറിയ ചില ആശയങ്ങളാണ് വലിയ മാറ്റങ്ങൾക്ക് ഹേതുകമായിത്തീരാറുള്ളത്. ഖുർആൻ ഹൃദിസ്ഥമാക്കുന്നതിന് വേണ്ടി ലോകത്തെങ്ങും വ്യാപകമായുള്ള ഹിഫ്ദ് സ്ഥാപനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ദൈവികഗ്രൻഥത്തിന്റെ ആശയങ്ങൾ കൂടി അറിയുന്നവരാകണമെന്ന സ്വപ്നമാണ് എ. പി അസ്ലം ഹോളി ഖുർആൻ അവാർഡ് എന്ന ആശയത്തിന് പിന്നിലുള്ളത്. ഹിഫ്ദ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരോട് ഈ സ്വപ്നം പങ്കുവെച്ചാൽ അതിന്റെ അപ്രായോഗികതയെക്കുറിച്ച വർത്തമാനങ്ങളാണുണ്ടാവുക. ഖുർആൻ മനഃപാഠമാക്കുന്നതിനായി സ്വീകരിക്കുന്ന രീതിശാസ്ത്രവും അതിന്നായുള്ള ബോധനരീതികളുമൊന്നും സമാന്തരമായ ആശയപഠനത്തിനോ അധ്യായനത്തിനോ കഴിയുന്ന രീതിയിലുള്ളതല്ല എന്നായിരിക്കും അവർ സമർത്ഥിക്കുക; അത് ശരിയുമാണ്. അതുകൊണ്ട് തന്നെ ഹിഫ്ദ് സ്ഥാപനങ്ങൾ പരമ്പരാഗതമായി പിന്തുടരുന്ന സിലബസിനകത്തേക്ക് ആശയബോധനം കൊണ്ടുവരിക എളുപ്പമല്ല. എന്നാൽ പഠിതാക്കൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഹൃദിസ്ഥമാക്കുന്നതിനോടൊപ്പം തന്നെ ഖുർആൻവചനങ്ങളുടെ അർത്ഥവും വിശദീകരണവുമെല്ലാം മനസ്സിലാക്കാൻ കഴിയും. ഹിഫ്ദ് പഠനത്തിനായി ചെറുപ്പകാലം ഉഴിഞ്ഞുവെക്കുന്നവരെ ആശയപഠനത്തിന് കൂടി ശക്തമായി പ്രചോദിപ്പിക്കുകയാണ് അതിനുള്ള മാർഗ്ഗം. അതിന്നായുള്ള ഒരു കാൽവെപ്പാണ് അസ്ലം ഖുർആൻ അവാർഡ്.
പ്രാദേശികമായും ദേശീയമായും അന്താരാഷ്ട്ര തലത്തിലുമെല്ലാം നടക്കാറുള്ള ഖുർആൻമത്സരങ്ങൾ നമുക്കെല്ലാം പരിചയമുള്ളതാണ്; സമ്മാനത്തുക കൊണ്ടും സംഘാടനമികവുകൊണ്ടും ശ്രദ്ധിക്കപ്പെടുന്നവയാണ് അന്താരാഷ്ട്രത്തലത്തിലുള്ള ഖുർആൻ മത്സരങ്ങൾ. എൺപത് ലക്ഷം റിയാൽ സമ്മാനമായി നൽകുന്ന സൗദിയിലെ ഉത്ർ അൽകലാം ഖുർആൻ മത്സരവും നാല്പത് ലക്ഷം റിയാൽ സമ്മാനമായി നൽകുന്ന കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരവും പന്ത്രണ്ട് ലക്ഷം ദിർഹം സമ്മാനമായി നൽകുന്ന ദുബായ് ഇന്റെർനാഷണൽ ഹോളി ഖുർആൻ അവാർഡും പത്ത് ലക്ഷം ദിർഹം സമ്മാനമായി നൽകുന്ന ശൈഖ ഫാത്തിമ ബിൻത് ഹോളി ഖുർആൻ അവാർഡുമെല്ലാം ഇത്തരത്തിൽ ശ്രദ്ധേയമായവയാണ്. മനഃപാഠം, പാരായണഭംഗി, നിയമങ്ങളുടെ അനുധാവനം, സ്വരകൃത്യത, ശബ്ദമാധുര്യം എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ മത്സരങ്ങളിലെല്ലാം മൂല്യനിർണ്ണയം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നത്. ഇവയെല്ലാം പരിഗണിക്കുന്നതിനോടൊപ്പം ഖുർആൻ വചനങ്ങളുടെ ആശയങ്ങൾ മത്സരാർത്ഥികൾക്ക് എത്രത്തോളം അറിയാം എന്നുകൂടി പരിശോധിച്ചുകൊണ്ട് മൂല്യനിർണ്ണയം നടത്തുന്നുവെന്നതാണ് എ. പി അസ്ലം ഹോളി ഖുർആൻ അവാർഡിന് വേണ്ടിയുള്ള മത്സരങ്ങളെ
വ്യത്യസ്തമാക്കുന്നത്. ആശയഗ്രാഹ്യം കൂടി പരിഗണിച്ചുകൊണ്ട് നടത്തപ്പെടുന്ന ലോകത്തെ ആദ്യത്തെ ഖുർആൻ മത്സരമാണിത് എന്നാണ് മനസ്സിലാകുന്നത്. മറ്റ് പല കാര്യങ്ങളിലുമെന്നതുപോലെ ഇക്കാര്യത്തിലും കേരളമുസ്ലിംകൾ ലോകത്തിന് മാതൃകയാവുകയാണ്.
എന്തുകൊണ്ട് ‘അസ്ലം അവാർഡ്’?
ഒരു വ്യാഴവട്ടക്കാലത്തെ ജീവിതം കൊണ്ട് ഒരു പ്രദേശത്തെ മുഴുവൻ മനുഷ്യരുടെയും കണ്ണിലുണ്ണിയായിത്തീരുകയെന്ന അത്ഭുതത്തിന്റെ പേരാണ് എപി മുഹമ്മദ് അസ്ലം. മലപ്പുറം ജില്ലയിലെ കല്പകഞ്ചേരിയെന്ന ഗ്രാമത്തിൽ നിന്ന് 1981ൽ, തന്റെ പതിനാറാമത്തെ വയസ്സിൽ ദുബായ് ഭരണാധികാരിയുടെ കൊട്ടാരത്തിൽ ഒരു സാധാരണ ജീവനക്കാരനായി എത്തിയ അസ്ലം 2004 ൽ, തന്റെ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ മരണപ്പെട്ടത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രൈവറ്റ് ഓഫിസിന്റെ അഡ്മിനിസ്ട്രേറ്ററെന്ന ഉയർന്ന തസ്തികയിലായിരിക്കുമ്പോഴാണ്. ഇരുപത്തിമൂന്ന് വർഷത്തെ പ്രവാസജീവിതത്തിലെ അത്യധ്വാനം വഴിയും സ്വഭാവമഹിമകൊണ്ടുമുള്ള തന്റെ വളർച്ചയോടൊപ്പം നാടിന്റെയും നാട്ടുകാരുടെയും വളർച്ചയിലും ജാഗരൂകനായിരുന്നതിനാലാണ് അദ്ദേഹം കല്പകഞ്ചേരിക്കാരുടെ മൊത്തത്തിലും മലയാളികളുടെയും മറ്റ് സഹജീവികളുടെയുമെല്ലാം പൊതുവായുമുള്ള പ്രിയപ്പെട്ടവനായിത്തീർന്നത്. അസ്ലമിന്റെയും സഹോദരങ്ങളുടെയും മറ്റും ശ്രമഫലമായി ദുബായ് സാബീൽ പാലസിൽ ജോലിക്കാരായെത്തിയ അഞ്ഞൂറിലധികം വരുന്ന കല്പകഞ്ചേരിക്കാരുടെ കൂട്ടായ്മ, ‘ഒരുമ കൽപകഞ്ചേരി’ ശ്രദ്ധേയമായ സാമൂഹ്യപ്രവർത്തനങ്ങളുമായി സജീവമാണിന്നും.
അഗതികളെയും അശരണരെയും സഹായിക്കാനായി 2000ത്തിൽ കൽപകഞ്ചേരി കേന്ദ്രമാക്കി ആരംഭിച്ച ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ അസ്ലമിന്റെ ജ്യേഷ്ഠസഹോദരനായ എപി അബ്ദുസ്സമദ് സാഹിബാണ്. ‘തണൽ’ പലിശരഹിത പദ്ധതി, നിർധനരായ മുവ്വായിരത്തിലധികം പേർക്കുള്ള മാസാന്തമുള്ള ഭക്ഷണക്കിറ്റ് വിതരണം, ദരിദ്രർക്കായുള്ള വീടുനിർമാണം, പാവങ്ങൾക്കായുള്ള സൗജന്യ ഫാർമസി, അനാഥക്കുട്ടികളെ അവരവരുടെ വീടുകളിൽ വെച്ച് തന്നെ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന തണൽ ഫോസ്റ്റർ കെയർ, റമദാനിനോടനുബന്ധിച്ച് കേരളത്തിലും പുറത്തുമുള്ള ഇഫ്താർ കിറ്റ് വിതരണം, മെഡിക്കൽ- റീഹാബിലിറ്റേഷൻ സെന്ററുകൾ, ചികിത്സാസഹായങ്ങൾ എന്നിവ വഴി ജീവകാരുണ്യപ്രവർത്തനരംഗത്ത് ട്രസ്റ്റ് സജീവമാണിന്ന്. പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള അൽഫിത്റ പ്രൈമറി സ്കൂൾ, മത-ഭൗതിക വിദ്യാഭ്യാസങ്ങൾ നൽകി സമൂഹത്തിന് നേതൃത്വം നൽകാൻ കഴിയുന്ന വിദഗ്ദരെ വളർത്തിക്കൊണ്ട് വരുന്നതിനായുള്ള ദാറുൽ അൻസാർ ബ്രില്യന്റ് അക്കാദമി, ഖുർആൻ ഗവേഷണത്തിനും പഠനത്തിനും വേണ്ടിയുള്ള ഖുർആൻ അക്കാദമി, ബീഹാറിലെ കിഷിന് ഗഞ്ചിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന എപി അസ്ലം സ്കൂൾ എന്നിവയാണ് ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങൾ. നാഡീക്ഷതങ്ങളാൽ
ശയ്യാവലംബികളായവരെ മൂന്ന് മാസം വരെ നീണ്ട പരിചരണങ്ങളിലൂടെ സ്വയംപര്യാപ്തരാക്കാൻ സഹായിക്കുന്നതിനുള്ള എപി അസ്ലം ന്യൂറോ റീഹാബ് സെന്റർ, അതോടനുബന്ധിച്ച ഫിസിയോതെറാപ്പി സെന്റർ, ഓട്ടിസം കെയർ സെന്റർ എന്നിവയുൾപ്പെടുന്ന സമുച്ചയം മാസങ്ങൾക്കുള്ളിൽ തന്നെ പ്രവർത്തനസജ്ജമാകും.
365 X 24 മണിക്കൂർ സജീവമായിരിക്കേണ്ട കൊട്ടാരത്തിലെ ഉത്തരവാദിത്തങ്ങളുടെ കൃത്യാന്തരബാഹുല്യം; പ്രവാസീകൂട്ടായ്മകളിലെ സജീവസാന്നിധ്യം; ഇന്ത്യയിലെയും യുഎയിലെയും സാമൂഹിക- സാംസ്കാരിക-വിദ്യാഭ്യാസ- മത-രാഷ്ട്രീയ മേഖലകളിലെ സേവനങ്ങൾ; സ്മാർട്ട് സിറ്റിയടക്കമുള്ള പദ്ധതികൾ കേരളത്തിന് നേടിക്കൊടുത്ത് നാടിനെ വളർത്താനായുള്ള പരിശ്രമങ്ങൾ; തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഖുർആനിനെയും അതിന്റെ ഭാഷയായ അറബിയെയും അത്യധികം സ്നേഹിക്കുകയും അവയുടെ പഠന-പ്രചാരണങ്ങൾക്കായി പരമാവധി പരിശ്രമിക്കുകയും ചെയ്തിരുന്നയാളായിരുന്നു അസ്ലം. ഇസ്ലാമികപ്രബോധനത്തിനും ഖുർആൻ പഠന-ഗവേഷണങ്ങൾക്കുമായുള്ള യുഎഇയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്ന് എന്ന നിലയിൽ പ്രശസ്തമായ ദുബായ് അൽഖൂസിലെ അൽമനാർ ഇസ്ലാമിക് സെന്റർ സ്ഥാപിതമായത് അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ്. അശരണരും അഗതികളുമായവരുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി 2000 ത്തിൽ സ്ഥാപിക്കപ്പെട്ട വളവന്നൂർ ദാറുൽ അൻസാറിന് പിന്നിൽ പ്രവർത്തിച്ചതും അസ്ലമിന്റെ കരങ്ങൾ തന്നെയായിരുന്നു. അതിന്ന് കീഴിൽ ഖുർആൻ പഠനത്തിനും ഗവേഷണങ്ങൾക്കും പ്രചാരണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ടതാണ് ഖുർആൻ അക്കാദമി. ഖുർആൻ പഠന-പ്രചാരണരംഗത്തെ അസ്ലമിന്റെ സംഭാവനകൾ അനുസ്മരിക്കുകയും വരും തലമുറകൾക്ക് അത് പ്രചോദനമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഖുർആൻ അക്കാദമി എല്ലാ വർഷവും നൽകാനുദ്ദേശിക്കുന്നതാണ് എ. പി അസ്ലം ഹോളി ഖുർആൻ അവാർഡ്. ഇതിനാവശ്യമായ മുഴുവൻ സാമ്പത്തിക ബാധ്യതകളും വഹിക്കുന്നത് ആനപ്പടിക്കൽ കുടുംബമാണ്.
ഖുർആനിന് വേണ്ടി സമുദായം ഒറ്റക്കെട്ടാണ് !
അവാർഡ് തീരുമാനിച്ച ഉടനെത്തന്നെ സംഘാടകർ ചെയ്തത് കേരളത്തിലെ പ്രസിദ്ധ ഹിഫ്ദ് സ്ഥാപനങ്ങളെല്ലാം സന്ദർശിക്കുകയും അവരുടെയെല്ലാം സഹകരണമാവശ്യപ്പെടുകയുമാണ്. വ്യത്യസ്ത സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളെല്ലാം ഖുർആൻ പ്രചാരണം ലക്ഷ്യമാക്കിയുള്ള മത്സരവുമായി സഹകരിക്കാമെന്ന് സമ്മതിച്ചു. അത് മുതൽ മത്സരത്തിന്റെ ഓരോ ഘട്ടങ്ങളും ഖുർആനിന്റെ തണലിൽ മുസ്ലിംഉമ്മത്ത് ഒറ്റക്കെട്ടാണെന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. മേഖലാ തല മത്സരങ്ങൾ നടന്നത് വ്യത്യസ്ത സംഘടനകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ വെച്ചായിരുന്നു. പ്രാഥമികമത്സരങ്ങളുടെ തുടക്കം നവംബർ 2, 3 തിയ്യതികളിൽ മഞ്ചേരി ജാമിഅ നജ്മുൽ ഹുദാ കേമ്പസിൽ വെച്ചാണ് നടന്നത്. നവംബർ 5 ന് കണ്ണൂരിലും 6 ന് കൊല്ലം ഓച്ചിറയിലും 7 ന് എറണാകുളം
ഇടപ്പള്ളിയിലും 27ന് ദുബായിലും വെച്ച് മത്സരങ്ങൾ നടന്നു. ഖുർആനിന്റെ തണലിലുള്ള ഐക്യത്തിന്റെ നഖചിത്രങ്ങളായിരുന്നു മേഖലാ തലത്തിൽ നടന്ന ഓരോ മത്സരങ്ങളും. മത്സരങ്ങളുടെ സംഘാടകരായി വന്നവർ വ്യത്യസ്ത മുസ്ലിം കൂട്ടായ്മകളിലുള്ളവർ; മത്സരിക്കാനെത്തിയവർ വ്യത്യസ്ത കൂട്ടായ്മകൾ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചവർ; സമ്മാനം കൊടുത്തത് ഒരു കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാൾ; വാങ്ങിയത് മറ്റൊരു കൂട്ടായ്മയിൽ അംഗമായയാൾ; ആതിഥ്യമരുളിയത് വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുന്നവർ; അങ്ങനെയങ്ങനെ.…
ഫൈനൽ മത്സരത്തിലും അതോടനുബന്ധിച്ച് നടത്തിയ ഖുർആൻ സമ്മേളത്തിലും കാണാൻ കഴിഞ്ഞത് ഖുർആനിന്റെ തണലിലുള്ള മുസ്ലിംഉമ്മത്തിന്റെ ഐക്യം തന്നെയാണ്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്ത ഖുർആൻ സമ്മേളനത്തിൽ ഇടി മുഹമ്മദ് ബഷീർ, മൗലവി അബ്ദുസ്സലാം മോങ്ങം, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, ജമാലുദ്ദീൻ ഫാറൂഖി, പ്രൊഫ: എൻ.വി. അബ്ദുർ റഹ്മാൻ, കുഞ്ഞിമുഹമ്മദ് പറപ്പൂർ, മുഹമ്മദ് മുസമ്മിൽ മൗലവി, പി കെ ജമാല് സാഹിബ്, മുസ്തഫ തൻവീർ, എം.എം. അക്ബർ എന്നിങ്ങനെ വ്യത്യസ്ത സംഘടനകളിലും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലും പ്രവർത്തിക്കുന്നവർ ഒരേ ഖുർആനുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചത് ഐക്യത്തിന്റെ വലിയ സന്ദേശമാണ് നൽകിയത്.
ഫൈനൽ മത്സരവും അവാർഡ്ദാന സമ്മേളനവുമെല്ലാം ഖുർആനിന്റെ വെളിച്ചത്തിലുള്ള സമുദായഐക്യത്തെ പ്രഖ്യാപിക്കുന്നതായിരുന്നു. മത്സരങ്ങളിൽ പങ്കെടുത്തത് വ്യത്യസ്ത സംഘടനകളിലുള്ളവർ; ജഡ്ജിമാർ വേറെ സംഘടനകളിലുള്ളവർ; സദസ്സിൽ എല്ലാ സംഘടനക്കാരും ഒരുമിച്ചിരുന്ന് വ്യത്യസ്ത ഈണങ്ങളിലുള്ള ഖുർആൻ പാരായണങ്ങളുടെ സൗന്ദര്യവും ഖുർആനികാശങ്ങളുടെ മഹത്വവും ആസ്വദിക്കുകയായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഉദ്ഘാടന പ്രസംഗം; മുഖ്യാതിഥിയായ മന്ത്രി വി. അബ്ദുറഹ്മാന്റെ സാന്നിധ്യം പ്രൊഫ: ഖാദർ മൊയ്തീൻ, ടിപി അബ്ദുല്ലക്കോയ മദനി, പികെ. കുഞ്ഞാലിക്കുട്ടി, ഡോ: എം. പി. അബ്ദുസ്സമദ് സമദാനി, സിപി ഉമർ സുല്ലമി, ഡോ: ഹുസ്സൈൻ മടവൂർ, കുറുക്കോളി മൊയ്തീൻ, പികെ മുഹമ്മദ് ശരീഫ് ഏലാംകോട്, അബ്ദുല്ലാ മൻഹാം, ഹാഫിദ് അനസ് നജ്മി, ഉനൈസ് പാപ്പിനിശ്ശേരി, എപി ശംസുദ്ധീൻ ബിൻ മുഹയുദ്ദീൻ, ഡോ: അൻവർ അമീൻ എന്നിവരുടെ പ്രസംഗങ്ങൾ; എല്ലാം ഖുർആനിന് വേണ്ടിയുള്ള ഐക്യത്തെയും ആശയപഠനത്തിന്റെ പ്രസക്തിയെയും ഊന്നിക്കൊണ്ടുള്ളവയായിരുന്നു.
ദുബായ് ഔകാഫിന്റേയും ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെയും പ്രതിനിധികളായ ഡോ: മുഹമ്മദ് സൂഹൈൽ, ഡോ: അബ്ദുല്ലാഹ് അബ്ദുൽ ജബ്ബാർ എന്നിവരാണ് പ്രധാനപ്പെട്ട വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചത്.
സമ്മാനങ്ങൾ:
ഒരു ഖുർആൻ മത്സരത്തിന് ഇന്ത്യയിൽ നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുകയാണ് ആനപ്പടിക്കൽ കുടുംബം വിജയികൾക്ക് നൽകിയത്. അവാർഡ് ജേതാവായ അർഷദ് ടി എ വയനാടിന് ഒന്നാം സമ്മാനമായി നൽകിയത് പത്ത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായ മൂന്നു ലക്ഷം രൂപ മലപ്പുറം സ്വദേശി എൻ.പി. മുഹമ്മദ് സുഹൈലിനും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ കോഴിക്കോട് സ്വദേശി ഹയാൻ അബൂബക്കർ ബിൻ ഹാസിഫിനും ലഭിച്ചു. പങ്കെടുത്തവർക്കെല്ലാം കേഷ് പ്രൈസുകൾ നൽകിയിട്ടുണ്ട്. ആകെ സമ്മാനങ്ങളായി നൽകിയത് ഇരുപത് ലക്ഷം രൂപയാണ്. ഖുർആൻ മനഃപാഠമാക്കുന്നവരെ ആശയങ്ങൾ കൂടി പഠിക്കുവാൻ ശക്തമായ പ്രചോദനം നൽകുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഖുർആൻ അക്കാദമി ഇത്ര വലിയ തുകകൾ സമ്മാനമായി നൽകുന്നത്.
തുടരുന്ന ഖുർആൻപദ്ധതികൾ :
ഖുർആൻ സാരമുൾക്കൊണ്ട് ഹൃദിസ്ഥമാക്കുവാനും തജ്വീദ് നിയമങ്ങൾ പാലിച്ച് പാരായണം ചെയ്യുവാനും മുസ്ലിംസമൂഹത്തെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള എ. പി അസ്ലം ഹോളി ഖുർആൻ അവാർഡ് പുതിയ ചില പദ്ധതികൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. സമാപനസമ്മേളനത്തിൽ വെച്ച് ചെയർമാൻ എപി അബ്ദുസ്സമദ് സാഹിബ് പ്രഖ്യാപിച്ച പദ്ധതികൾ ഖുർആൻ സ്നേഹികൾക്ക് ഏറെ സന്തോഷം നൽകുന്നവയാണ്. ആദ്യത്തെയും അവസാനത്തെയും അഞ്ചു ജൂസ്ഉകളുടെ ആശയമായിരുന്നു ഈ വർഷത്തെ മത്സരത്തിൽ പരിഗണിച്ചിരുന്നതെങ്കിൽ ഹാഫിദുകൾക്ക് ഖുർആനിന്റെ മധ്യഭാഗത്തെ ഇരുപത് ജുസ്ഉകളുടെ ആശയം മനസ്സിലായിട്ടുണ്ടോയെന്നായിരിക്കും അടുത്ത വർഷത്തെ ആൺകുട്ടികൾക്കായുള്ള മത്സരത്തിൽ പരിശോധിക്കുക. പെൺകുട്ടികൾക്ക് വേണ്ടിയും അടുത്ത വർഷം പ്രത്യേകമായ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ആദ്യത്തെ പതിനഞ്ച് ജൂസ്ഉകളുടെ ആശയമറിയുമോയെന്നായിരിക്കും ഹാഫിദത്തുകൾക്കായുള്ള മത്സരത്തിൽ പരിശോധിക്കപ്പെടുക. പന്ത്രണ്ട് വയസ്സിന് താഴെയുള്ള ഹാഫിദുകൾക്ക് വേണ്ടി മാത്രമായും അടുത്ത വർഷത്തിൽ പ്രത്യേകമായ മത്സരമുണ്ടായിരിക്കും. തജ്വീദിനും ഹിഫ്ദിനോടുമൊപ്പം അമ്മ ജൂസ്ഇന്റെ സാരമറിയുമോയെന്ന് കൂടി പരിശോധിക്കുന്നതായിരിക്കും കൗമാരത്തിലെത്തിയിട്ടില്ലാത്തവർക്കായുള്ള പ്രസ്തുത മത്സരം.
(അസ്ലം ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളുടെ ജനറൽ കൺവീനർ ആണ് ലേഖകൻ